അഗദീറിലേയ്ക്കൊരു യാത്ര

Travel Diary: Chapter 1

1960 ഫെബ്രുവരി 29-താം തീയതി അർദ്ധരാത്രിയോട് അടുത്ത് ഇരുളിന്റെ മറപറ്റി ഒരു വ്യാളിയേപ്പോലെ എത്തിയ ഭൂകമ്പവും അതിനു ശേഷം അറ്റ്ലാൻറിക് സമുദ്രത്തിൽ നിന്നും കയറി വന്ന സുനാമിയും ചേർത്ത് തച്ചുടച്ചത് അഗദീർ എന്ന മൊറോക്കൻ തീരദേശ പട്ടണവും അതിലെ നിവാസികളെയുമാണ്. പൂർണ്ണമായും തകർന്ന് അടിഞ്ഞു പോയ പട്ടണം പുനർനിർമ്മാണം ചെയ്യപ്പെട്ടു. ആ പട്ടണത്തിലേക്കാണ് ഞങ്ങളുടെ യാത്ര. പ്രതീക്ഷിച്ചതിലും രണ്ടു മണിക്കൂർ വൈകിയാണ് Al Massira International Airport – ൽ ഞങ്ങൾ എത്തിച്ചേർന്നത്. ചെറിയ ഒരു എയർ പോർട്ട്. Arrival-ലും Departure-റും യൂറോപ്പിലൊക്കെ കാണുന്ന സെമിഡിറ്റാച്ച്ഡ് (Semi-ditatched)വീടുകളുടെ വാതിൽ പോലെ അപ്പുറവും ഇപ്പുറവും. വളരെ ലളിതമായ ഇമിഗ്രേഷൻ നടപടികൾക്ക് ശേഷം ഞങ്ങൾ വെളിയിൽ ഇറങ്ങി.

മഗ്രിബ് നിസ്കാരത്തിന്റെ സമയമാണ്. വളരെ നാളുകൾക്ക് ശേഷം അന്തരീക്ഷത്തിൽ മുഴങ്ങി കേട്ട ബാങ്ക് വിളി. നൊസ്റ്റു അടിച്ചതാണോ എന്ന് അറിയില്ല, എന്റെ കണ്ണിൽ ആദ്യം പെട്ടത് അവിടെ സമൃദ്ധമായി വളരുന്ന ബൊഹയൻ വില്ലയും ചെമ്പരത്തിയും അരളിയുമൊക്കെയാണ്. ആമാശയത്തിൽ ഒരു ആർപ്പുവിളി നടക്കുന്നുണ്ട്. ഭക്ഷണം കഴിച്ചിട്ട് മണിക്കൂറുകൾ കുറെ ആയി എന്ന ഓർമ്മപ്പെടുത്തലാണ്. യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ അഗദീറിൽ കാണാൻ പോകേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ, ഓരോ സ്ഥലത്തെയും ടിക്കറ്റ്നിരക്ക്, ടാക്സിക്കൂലി, പ്രധാനപ്പെട്ട ഭക്ഷണ സാധനങ്ങൾ ഒക്കെ ഏകദേശം നോക്കി വെച്ചിരുന്നു. എയർ പോർട്ടിൽ നിന്നും അരമണിക്കൂർ യാത്ര ചെയ്താൽ മതി ഞങ്ങൾക്ക് ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിൽ എത്താൻ. ഞങ്ങൾ അവിടെ നിന്നും ഒരു ടാക്സി ഏർപ്പാടാക്കി.

ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ check in ചെയ്ത ശേഷം ഞങ്ങൾ നേരെ പോയത് ബീച്ചിലേയ്ക്കാണ്. വെറും പത്ത് മിനിറ്റിന്റെ നടപ്പ്. പക്ഷെ ഞങ്ങൾ അവിടെ എത്തിയപ്പോൾ അമ്പരപ്പിക്കുന്നു ആൾക്കൂട്ടത്തെയാണ് ബീച്ചിൽ കാണാൻ സാധിച്ചത്. തലങ്ങും വിലങ്ങും പാർക്ക് ചെയ്തിരിക്കുന്നു വാഹനങ്ങളുടെ ഒരു കൂട്ടം. ആ കൂട്ടം കണ്ടാൽ തന്നെ സാമാന്യ ബുദ്ധി ഒന്ന് പകച്ച് പോകും. തോക്കുധാരികളായ പോലീസുകാർ റോന്ത് ചുറ്റുന്നുണ്ട് അവിടെയൊക്കെ. നോമ്പു് തുറന്നതിനു ശേഷം തദ്ദേശവാസികൾ കുടുംബത്തോടെ ഭക്ഷണ സാധനങ്ങളുമായി അധിവിശാലമായ ബീച്ചിലേയ്ക്ക് വരുകയാണ്. സൂര്യൻ അസ്തമിച്ചിട്ട് അധികം സമയം ആയിട്ടില്ല. ചക്രവാളത്തിൽ കുങ്കുമരാശി ഇപ്പോഴും പടർന്നു കിടക്കുന്നു.

നല്ല തെളിമയാർന്ന ആകാശം, തീരത്തെ ചുംബിച്ച് പോകുന്ന ചെറുതിരകൾ, അസാമാന്യവൃത്തിയുള്ള ബീച്ചും പരിസര പ്രദേശങ്ങളും, ഒരു മലിന്യമോ ചപ്പു ചവറുകളോ ഒന്നും അവിടെ കാണാനില്ല. ചുറ്റുവട്ടത്ത് ധാരാളം റെസ്റ്റോറെൻഡുകൾ. അതിൽ ചിലതിൽ മാത്രം ധാരാളം ആൾക്കാർ ഇരിപ്പുണ്ട്. അവർ എല്ലാവരും തന്നെ ടൂറിസ്റ്റുകളാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ച് അറിയാം. ബീച്ചിന്റെ തന്നെ ഹൃദയ ഭാഗത്തായി ആൾക്കാർ നല്ലത് എന്ന് പറഞ്ഞ ഒരു റെസ്റ്റോറൻഡിൽ ഞങ്ങൾ കയറി. പുറത്താണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നോക്കിയിട്ട് പുറത്തൊന്നും സീറ്റുകൾ ഒഴിവില്ല.

റെസ്റ്റോറെൻഡിന്റെ അകത്തും കുറെ മേശയും കസേരകളും ഉള്ളതിൽ കുറച്ച് ആൾക്കാർ ഇരിപ്പുണ്ട്. വെയിറ്റർ അവിടെ ഞങ്ങൾക്ക് ഒരു റ്റേബിൾ സെറ്റാക്കി തന്നു. നോക്കുമ്പോൾ അതാ ഞങ്ങളുടെ ടേബിളിന്റെ തൊട്ട് പുറകിലുള്ള സീറ്റിൽ ഒരു പുരുഷനും കൂട്ടത്തിൽ രണ്ട് സുന്ദരിമാരും. ഒറ്റനോട്ടത്തിൽ നമ്മൾ സിനിമയിൽ മാത്രം കണ്ടിട്ടുള്ള മാഫിയാ തലവന്മാരുടെ ഒരു ലുക്കാണ് അയാൾക്ക്‌. അല്പം വണ്ണമുള്ള ശരീര പ്രകൃതി. ബീച്ചിലൊക്കെ ഇടുന്നതു പോലെയുള്ള വലിയ പ്രിൻറ് ഉള്ള ഷർട്ട്, അതിന്റെ മുകൾ ഭാഗം തുറന്നു കിടക്കുന്നു, കഴുത്തിൽ സ്വർണ്ണ ചെയിൻ, കൈതണ്ടയിൽ വാച്ചും ബ്രയ്സ്ലറ്റും, സൂര്യപ്രകാശത്തിൽ നിന്നും കണ്ണിനെ സംരക്ഷിക്കേണ്ട സൺഗ്ലാസ് ഉയർത്തി നെറ്റിയിൽ വെച്ചിരിക്കുന്നു. ആ റെസ്റ്റോറെൻഡിന്റെ ഉടമായാണ് എന്ന് പറഞ്ഞ് ഒരാൾ പരിചയപ്പെട്ടു. ബോളിവുഡ് സിനിമകളൊക്കെ കാണാറുണ്ടെന്നും ഇന്ത്യക്കാരെ ഇഷ്ടമാണെന്നുമൊക്കെ അയാൾ പറഞ്ഞു. സത്യമാണോ അതോ സുഖിപ്പിക്കാൻ പറഞ്ഞതാണോ? ആർക്ക് അറിയാം?

നാല് ഭാഷകളിൽ പ്രിൻഡ് ചെയ്ത മെന്യൂ കാർഡ് ഞങ്ങൾക്ക് കിട്ടി . പാഡിയും മാർട്ടിനും അവരുടെ ഇഷ്ടം അനുസരിച്ച് ഏതോ മത്സ്യ വിഭവം ഓർഡർ ചെയ്തപ്പോൾ ഞാൻ ഓർഡർ ചെയ്തത് ഒരു ലാമ്‌പ് റ്റജീനാണ്.

ഭക്ഷണം ഓർഡർ ചെയ്തു കഴിഞ്ഞാൽ കുറഞ്ഞത് അര മണിക്കൂർ എങ്കിലും എടുക്കും അത് നമ്മുടെ മുമ്പിൽ എത്താൻ. ആ അര മണിക്കൂർ പോയതെ അറിഞ്ഞില്ല. നല്ല ഒന്നാം തരം ഗാനമേള നടക്കുകയാണ് അവിടെ. ഗായകനെ കണ്ടാൽ ബോബ് മാർലിയുടെ അടുത്ത ബന്ധുവിനെ പോലെ തോന്നും. ഗായകൻ ചെറുപ്പക്കാരൻ ആണെങ്കിലും പാടുന്ന പാട്ടുകളെല്ലാം തന്നെ 60-70 കളിൽ തരംഗങ്ങൾ സൃഷ്ടിച്ചവയാണ്. ആ പാട്ടുകൾ വെച്ച് അവൻ ആൾക്കാരെ കൈയിൽ എടുക്കുന്നുണ്ട്. അവിടെ ഇരിക്കുന്നവരിൽ പാട്ട് പാടാൻ താല്പര്യമുള്ളവർക്ക് അവർ മൈക്ക് കൈമാറുന്നുമുണ്ട്. അതിന് ഇടയിലൂടെ ഉത്സവ പറമ്പിലെ കടലക്കച്ചവടക്കാരെ ഓർമ്മിപ്പിക്കും വിധം ഉപ്പ് ചേർത്ത് വറുത്ത ബദാം പരിപ്പുമായി ഒരു അഭ്യാസിയെ പോലെ ഒരു കച്ചവടക്കാരൻ ഇടയ്കൂടെ കയറി ഇറങ്ങി പോകുന്നുണ്ട്. മൂന്നോ നാലോ ബദാം പരിപ്പുകളാണ് സാമ്പിളായി തരുന്നത്. തൃപ്തിയുണ്ടെങ്കിൽ നമുക്ക് അയാളിൽ നിന്നും ബദാം വാങ്ങാം.

ഞങ്ങളുടെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ഓർഡർ ചെയ്ത ഭക്ഷണം എത്തി. റ്റജീൻ പാകം ചെയ്യുന്നത് പ്രത്യേക രീതിയിൽ നിർമ്മിച്ചിട്ടുള്ള മൺ ചട്ടിയിലാണ്. ആ ചട്ടിയോടെയാണ് റ്റജീൻ നമ്മുടെ മുമ്പിൽ എത്തുന്നത്. ചട്ടി മൂടിയിരിക്കുന്നത് കോൺ ആകൃതിയിലുള്ള മണ്ണിന്റെ ഒരു മൂടി കൊണ്ടാണ്. ആ മൂടി അങ്ങോട്ട് മാറ്റുകയും അതിൽ പതിയിരുന്നു ആവിയും ഭക്ഷണത്തിന്റെ ഗന്ധവും കൂടെ ഒരുമിച്ച് പുറത്തേയ്ക്ക് ചാടി. ഉള്ള വിശപ്പിനെ ഒന്നു കൂടെ ആളി കത്തിപ്പിക്കാൻ ആ കാഴ്ചയ്ക്ക് സാധിച്ചു. മൊറോക്കോയിൽ എത്തിയാൽ കഴിക്കണം എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു റ്റജീൻ എന്നെ നിരാശപ്പെടുത്തിയില്ല. എന്തായാലും റ്റജീൻ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അപ്പോഴുണ്ട് റെസ്റ്റോറെൻഡിന്റെ തൊട്ട് പുറത്ത് നാല് അഞ്ച് ചെറുപ്പക്കാർ അഭ്യാസം കാണിക്കുന്നു. അഭ്യാസ പ്രകടനത്തിനു ശേഷം തൊപ്പി നീട്ടുന്നത് എന്തെങ്കിലും ചില്ലറക്കു വേണ്ടിയാണ്.

ഭക്ഷണം കഴിച്ച് ഞങ്ങൾ പുറത്ത് ഇറങ്ങിയ ഉടനെതന്നെ ഞങ്ങൾ പുതിയ ആൾക്കാർ ആണെന്ന് മനസ്സിലാക്കിയാണോ ആവോ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ കൂടെ കൂടി. ടൂർ ഗൈഡ് അല്ലെങ്കിൽ ടൂർ ഓർഗനൈസർ ആണെന്നാണ് പറഞ്ഞത്. അയാൾ ഞങ്ങളെ തൊട്ടടുത്തുള്ള കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ചെറിയ ഒരു കട, ബീച്ചിലേക്ക് ആവശ്യമായ സാധനങ്ങൾ, സോവനീർ, ബാഗ്, ചെരുപ്പ്, കുറെ തുണിത്തരങ്ങൾ,മറ്റു കുറെ അലുഗുലു സാധനങ്ങളൊക്കെയാണ് അവിടുത്തെ കച്ചവട സാധനങ്ങൾ. കടയുടെ ഉടമസ്ഥൻ മോമോ എന്ന് വിളിക്കുന്ന മുഹമ്മദ് കമ്മീഷൻ അടിസ്ഥാനത്തിൽ ടൂർ ഓർഗനൈസ് ചെയ്തു കൊടുക്കുന്ന ആളാണ്. ടൂർ പാക്കേജിനെ കുറിച്ച് അയാൾ വിശദമായി തന്നെ പറഞ്ഞു. അതുപോലെതന്നെ ഞങ്ങൾക്ക് എല്ലാവർക്കും ഓരോ സിമ്മും എടുത്തു തന്നു. വാട്സ്ആപ്പ് വഴിയാണ് മോമോയുടെ ബിസിനസ് പരിപാടികളെല്ലാം.

അടുത്ത ദിവസം കാണാം എന്ന് പറഞ്ഞ് ഏകദേശം രാത്രി പത്തരയോടെ ഞങ്ങൾ പിരിഞ്ഞു. അപ്പോഴേക്കും ബീച്ചിൽ നിന്നും കുറെ ആൾക്കാർ പോയിക്കഴിഞ്ഞിരുന്നു.

ബീച്ചിൽ നിന്ന് നോക്കിയാൽ കാണാവുന്ന കസ്‌ബാ ഓഫ് അഗദീറും ഓഫ് ളയും. ആ മലമുകളിൽ എഴുതിവച്ചിരിക്കുന്ന ആദർശ വചനങ്ങളായ ഗോഡ്, ഹോംലാൻഡ്, കിംങ്ങ്, ദൂരെ നിന്നും വ്യക്തമായി കാണാം. നാളെ രാവിലെത്തെ ആദ്യ ട്രിപ്പ് അങ്ങോട്ടാണ്.

രാത്രി ഏകദേശം 11 മണിയോടെ ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി. അതിവിശാലമായ ഹോട്ടൽ ലോബിയിൽ ഒരു അമ്മച്ചി ഇരുന്ന് ഫോൺ വിളിക്കുന്നുണ്ട്. ആ അമ്മച്ചിയെ കണ്ടപ്പോഴേ മാർട്ടിൻ പറഞ്ഞു അമ്മച്ചിയെ കണ്ടിട്ട് ഇവിടത്തെ ഒരു അന്തേവാസിയെ പോലെ ഉണ്ടല്ലോ എന്ന്.

രണ്ടാം ദിവസം ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് കാഴ്ചകൾ കാണാൻ ഇറങ്ങാൻ ആണ് പരിപാടി. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ ഉടനെ ഞങ്ങളെ കാണാൻ ഒരാൾ ലോബിയിൽ എത്തി. കോട്ടും സൂട്ടം കൈയിൽ ഒരു ലാപ്ടോപ് ബാഗ് പോലെ ഒരു ബാഗുമായി ഒരു മനുഷ്യൻ. ഞങ്ങളെ കണ്ട ഉടനെ ദീർഘകാല പരിചയമുള്ള ഒരാളെ പോലെ ദൂരെനിന്നും ഹലോ ഒക്കെ പറഞ്ഞ് അടുത്തുവന്നു, വാ… നമുക്ക് ഇരുന്നു സംസാരിക്കാം. ലുക്ക് കണ്ടിട്ട് ഇന്നലെ കണ്ട റസ്റ്റോറെൻറ്റ് ഉടമയെ പോലെ ഇയാളെങ്ങാനും ഈ ഹോട്ടലിന്റെ ഉടമസ്ഥനാണോ? ആ സംശയം അധിക സമയം നീണ്ടു നിന്നില്ല. അയാൾ ബാഗ് തുറന്ന് മേശപ്പുറത്ത് ചീട്ട് നിരത്തുത്തതുപോലെ ബ്രോഷറുകൾ നിരത്തി വെച്ചു.

ആ മനുഷ്യൻ ഒരു ടൂർ ഗൈഡ് ആണ്. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൻറെ കെയറോഫിൽ ആണ് എത്തിയിരിക്കുന്നത്. കൈയ്യിലുണ്ടായിരുന്ന ഫയൽ തുറന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളെ കുറിച്ച് ഒക്കെ വിശദീകരിക്കാൻ തുടങ്ങുകയാണ്. മാർട്ടിൻ ആദ്യം നോക്കിയത് അവരുടെ റെയിറ്റാണ്. ഇന്നലെ വൈകിട്ട് മോമൊ പറഞ്ഞതിനെക്കാൾ വളരെ കൂടുതലാണ് ഇതെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. ഇത് ശരിയാകുകയില്ല. ഇയാളെ ഒഴിവാക്കണം. മാർട്ടിൻ പറഞ്ഞു ഹോട്ടലിൽ ടൂർ പ്രോഗ്രാമുമായി ഞങ്ങൾ ഒരു ബുക്കിംഗുംചെയ്തിട്ടില്ല. പ്ലാനുകൾ ചെയ്യാൻ തുടങ്ങുന്നതേയുള്ളൂ. ആവശ്യമുണ്ടെങ്കിൽ അറിയിക്കാം. ഇതിൽ നിന്നും ഞങ്ങളുടെ നിലപാട് അയാൾക്ക് ഏകദേശം പിടികിട്ടി. അത് അയാൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല. വന്നതിനേക്കാൾ വേഗത്തിൽ അയാൾ തിരിച്ചു പോയി.

അടുത്ത ദിവസം രാവിലെ ഞങ്ങൾ പോകാൻ ഇറങ്ങിയപ്പോഴും ആ അമ്മച്ചി ലോബിയിൽ ഇരുന്ന് ഫോണിൽ നോക്കുന്നുണ്ട്. ഈ അമ്മച്ചിക്ക് എന്താ ഉറക്കമില്ലേ? ഞാൻ മനസ്സിൽ പറഞ്ഞു.

നേരത്തെ ലോബിയിൽ കണ്ട അമ്മച്ചിയോട് ഞങ്ങൾ സൗഹൃദം സ്ഥാപിച്ചത് രണ്ട് ദിവസം കഴിഞ്ഞാണ്. 75 വയസ്സുള്ള അമ്മച്ചി ജനിച്ചത് നോർവെയിലാണ്. വളരെ വർഷങ്ങളായി ജീവിക്കുന്നത് സൗത്ത് ആഫ്രിക്കയിൽ. 1982 മുതൽ അഗദീറിലെ നിത്യസന്ദർശകയാണ്. ഈ പ്രാവശ്യം 4 മാസം ഈ ഹോട്ടലിൽ താമസിക്കാനായിട്ടാണ് എത്തിയിരിക്കുന്നത്. ഹോട്ടലിന് പുറത്തേയ്ക്ക് വല്ലപ്പോഴും ഇറങ്ങുന്നത് എന്തെങ്കിലും ലഘുഭക്ഷണ സാധനങ്ങൾ വാങ്ങാനായിട്ട് മാത്രം. ജീവിത സായാഹ്നത്തിൽ അവർ തനിച്ചാണ്. തീർത്തും തനിച്ച്.

പകൽവെളിച്ചത്തിൽ അഗദീറിന്റെ സൗന്ദര്യം ആസ്വദിക്കാൻ പോവുകയാണ്, റംസാൻ ആണ്, പുണ്യമാസമാണ്. ആൾക്കാർ നോമ്പ് നോക്കുന്നുണ്ട്. ഭക്ഷണശാലകൾ മിക്കതും തന്നെ തുറന്നിട്ടില്ല. എങ്കിലും മറ്റ് ചെറിയ കടകളും ഓഫീസുകളും തുറന്നിട്ടുണ്ട്. പക്ഷേ അത് നേരത്തെതന്നെ അടയ്ക്കും.

നല്ല തെളിഞ്ഞ കാലാവസ്ഥ, ചെറിയ തണുപ്പുള്ള കാറ്റ് അടിക്കുന്നുണ്ട്, ഫലഭൂയിഷ്ടം അല്ലാത്ത ചെമ്മണ്ണ് നിറമുള്ള മണ്ണാണ് എവിടെ നോക്കിയാലും. പക്ഷേ നഗരവീഥികളെയും പരിസരങ്ങളെയും വൃത്തിയായും മനോഹരമായും സൂക്ഷിക്കുന്നതിന് ഇത് ഒരു തടസ്സമല്ല . ഈന്തപ്പനകൾ നല്ല വരിവരിയായി വച്ചു പിടിപ്പിച്ചിരിക്കുന്നു. പുൽതകിടികൾ വളരെ മനോഹരമായിട്ടാണ് വെട്ടി നിർത്തിയിരിക്കുന്നത്. വീടുംപരിസരങ്ങളും നയനങ്ങൾക്ക് ഒരു പൂക്കാലമാണ് സമ്മാനിക്കുന്നത്. റോഡിൽ പലസ്ഥലങ്ങളിലും കായ്ച്ചുനിൽക്കുന്ന ഓറഞ്ച് മരങ്ങൾ കണ്ടു. അതും വളരെ ഭംഗിയായി ഒതുക്കി വെട്ടിയിരിക്കുകയാണ്. ഒരു ഓറഞ്ച് പോലും നിലത്തുവീണ് കിടപ്പില്ല. ആരും അതിൽ നിന്ന് ഒന്ന് പറിക്കാൻ ശ്രമിക്കുന്നതും കണ്ടില്ല.

മൊറോക്കോയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അർഗൻ മരങ്ങളാണ് എവിടെ നോക്കിയാലും. മൊറോക്കോയുടെ തെക്കുപടിഞ്ഞാറായി 8 ലക്ഷം ഹെക്ടറിലാണ് ഈ മരങ്ങൾ വെച്ചുപിടിപ്പിച്ച് ഇരിക്കുന്നത്. റോഡിലോ പരിസരങ്ങളിലോ ചപ്പ് ചവറ് മാലിന്യങ്ങൾ ഒന്നും തന്നെ കാണാനില്ല. ഫൂട്ട് പാത്തുകൾ തുത്ത് വാരി കഴുകി ഇട്ടിരിക്കുന്നതു പോലെ തോന്നും. പ്ലാസ്റ്റിക് കവറിന്റെ ഉപയോഗവും വളരെ കുറവാണ്. എക്കോ ഫ്രണ്ട്‌ലി ബാഗുകളാണ് കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും ലഭിക്കുന്നത്. മറ്റൊരു കാര്യം എൻറെ ശ്രദ്ധയിൽപെട്ടത് അവിടെ കാക്കകളെ കണ്ടില്ല എന്നതാണ്. പക്ഷേ അതിനെയും കൂടെ കുറവ് പരിഹരിക്കാൻ സീ ഗള്ളുകൾ ശ്രമിക്കുന്നുണ്ട്. കഴുത വലിക്കുന്ന വണ്ടി, കുതിരവണ്ടി, ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ തുടങ്ങി മറ്റ് എല്ലാ വാഹനങ്ങളും നിരത്തിൽ ഉണ്ട്.

Scroll to Top